11:40am 13 November 2026
NEWS
അക്ഷരമുറ്റത്ത് ഖത്തർ; മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം
14/05/2026  11:21 AM IST
nila
അക്ഷരമുറ്റത്ത് ഖത്തർ; മുപ്പത്തിയഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന് തുടക്കം

 


ദോഹ:ലോകമെമ്പാടുമുള്ളഅക്ഷരസ്‌നേഹികളെ വരവേൽക്കാൻ ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ (DIBF) മുപ്പത്തിയഞ്ചാം പതിപ്പിന് ഇന്ന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) തിരിതെളിയും.വായനയിലൂടെ നാം വളരുന്നു' എന്ന സന്ദേശവുമായി  ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പ് എന്ന് സംഘാടകർ വിശേഷിപ്പിച്ച ഇത്തവണത്തെ മേള ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് നടക്കുന്നത്.
 വായനയുടെ വസന്തം തീർക്കുന്ന ഈ അക്ഷരോത്സവം മെയ് 23 വരെ നീണ്ടുനിൽക്കും.
​അറബ് ലോകത്തുനിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള നിരവധി എംബസികൾ, മന്ത്രാലയങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവയുടെ വിപുലമായ പങ്കാളിത്തം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. ഖത്തറിന്റെ വളർന്നുവരുന്ന സാംസ്‌കാരിക പദവിയുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെയും പ്രതിഫലനമാണ് മേളയിലെ ഈ വർധിച്ച പങ്കാളിത്തം.ആകെ 910 പ്രദർശന ബൂത്തുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഇത് ദോഹ പുസ്തകമേളയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഖ്യയാണ്.ഏകദേശം 2,31,000 തലക്കെട്ടുകളിലായി 18.5 ലക്ഷത്തിലധികം പുസ്തകങ്ങൾ വായനക്കാർക്ക് ലഭ്യമാകും.വായനാലോകത്തിന് പുത്തൻ അറിവുകൾ പകർന്ന് 143 പുതിയ പുസ്തകങ്ങളാണ് മേളയുടെ ഭാഗമായി പ്രകാശനം ചെയ്യുന്നത്.
പുസ്തക വിൽപനയ്ക്ക് പുറമെ വിപുലമായ സാംസ്‌കാരിക വിനിമയത്തിനും മേള വേദിയാകും. മേളയുടെ പ്രധാന വേദിയിൽ 46 പാനൽ ചർച്ചകൾ, 69 ശില്പശാലകൾ, 46 സെമിനാറുകൾ എന്നിവ നടക്കും.
​സാംസ്‌കാരിക രംഗത്തെ പ്രമുഖരും എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്ന വിപുലമായ ചർച്ചാ പരിപാടികൾ വായനക്കാർക്ക് പുത്തൻ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വൈവിധ്യമാർന്ന പരിപാടികളാണ് വരും ദിവസങ്ങളിൽ മേളയിൽ കാത്തിരിക്കുന്നത്.ദോഹ പുസ്തകമേളയിൽ വൈവിധ്യമായ പുസ്തക ശേഖരവുമായി കേരളത്തിലെ പ്രമുഖ പ്രസാധകരായ യുവത ബുക്ക് ഹൗസും പങ്കെടുക്കുന്നുണ്ട്.സ്റ്റാൾ നമ്പർ H5-15 ലാണ് യുവതയുടെ പുസ്തകശേഖരം ഒരുക്കിയിരിക്കുന്നത്.
ഇസ്‌ലാമിക ഗ്രന്ഥങ്ങൾ, ചരിത്രം, പൊതുവിജ്ഞാനം, ഹദീസ് പഠനങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാകും. പ്രമുഖ പണ്ഡിതൻ എ. അബ്ദുസ്സലാം സുല്ലമി രചിച്ച 'സ്വഹീഹുൽ ബുഖാരി' സമ്പൂർണ്ണ വിവർത്തനവും വ്യാഖ്യാനവും, കുട്ടികൾക്ക് വേണ്ടി പ്രശസ്ത മലയാളം പുസ്തകങ്ങളുടെ ഇംഗ്ലീഷ് പതിപ്പുകൾ, ആറു വാള്യങ്ങളിലായി യുവത ഒരുക്കിയ '1921 മലബാർ സമരം', കവാടം ബുക്സിന്റെ 'മധ്യ നൂറ്റാണ്ടുകളിലെ ശാസ്ത്ര പ്രതിഭകൾ' എന്നീ ഗ്രന്ഥങ്ങൾ സ്റ്റാളിലെ പ്രധാന ആകർഷണങ്ങളാണ്.
മേളയുടെ ഭാഗമായി ഓരോ പുസ്തകങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകളും ബണ്ടിൽ (Bundle) ഓഫറുകളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്.വീട്ടിൽ ഒരു ലൈബ്രറി" പദ്ധതിയിൽ ചേരാൻ അവസരം ഒരുക്കിയിട്ടുണ്ട്. യുവതയുടെ പവലിയനിൽനിന്നും നിശ്ചിത തുകയ്ക്കുള്ള പുസ്തകങ്ങൾ ഓർഡർ ചെയ്യുന്നവർക്ക്, അവ സുരക്ഷിതമായി നാട്ടിലെ വിലാസത്തിൽ എത്തിച്ചു നൽകുന്ന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img